08 May 2024 Wednesday

വൈദ്യുതലൈനിന് താഴെ വാഴ കൃഷി, വെട്ടിമാറ്റി കെഎസ്ഇബി; നഷ്ടപരിഹാരം നൽകും, മനുഷ്യജീവന് ഭീഷണിയെന്ന് മന്ത്രി

ckmnews


മുവാറ്റുപുഴ പുതുപ്പാടിയിൽ വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ട പരിഹാരം നൽകുമെന്ന് കെഎസ്ഇബി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നഷ്ടപരിഹാരം തീരുമാനിക്കും. കെഎസ്ഇബി വിഭാഗം ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.


ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.