08 May 2024 Wednesday

ഭൂമി തരംമാറ്റൽ 25 സെന്റിൽ കൂടുതലെങ്കിൽ മാത്രം ഫീസ്‌:ഹൈക്കോടതി

ckmnews

ഭൂമി തരംമാറ്റൽ 25 സെന്റിൽ കൂടുതലെങ്കിൽ മാത്രം ഫീസ്‌:ഹൈക്കോടതി 


കൊച്ചി തരംമാറ്റുന്ന ഭൂമിയുടെ വിസ്‌തീർണം എത്രയായാലും ആദ്യ 25 സെന്റിന് ഫീസ്‌ ഈടാക്കരുതെന്നും അധിക വിസ്തീർണത്തിനുമാത്രം ഈടാക്കിയാൽ മതിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌. തൊടുപുഴ കാരിക്കോട്‌ സ്വദേശിനിയുടെ 36.65 സെന്റ്‌  (14.45 ആർ) ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെയുള്ള അപ്പീൽ ഹർജിയിലാണ്‌ ഉത്തരവ്‌. 25 സെന്റ്‌ ഭൂമിക്ക്‌ ഫീസ്‌ സൗജന്യമാക്കണമെന്നും അധികമുള്ള  ഭൂമിക്ക്‌ തുക ഈടാക്കാമെന്നുമുള്ള സിംഗിൾ ബെഞ്ച്‌ വിധി ശരിവച്ചാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌.   പരാതിക്കാരിയുടെ കൈവശമുള്ള, വർഷങ്ങളായി തരിശുകിടക്കുന്ന ഭൂമി റവന്യുരേഖകളിൽ "നില'മാണ്‌. ഡാറ്റാ ബാങ്കിൽനിന്ന്‌ ഭൂമി ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ അപേക്ഷ പരിഗണിച്ച്‌ ഒഴിവാക്കി 2021 ജനുവരി 30ന്‌ ഉത്തരവിറക്കി. മുഴുവൻ ഭൂമിയും തരംമാറ്റാൻ 1,74,814 രൂപ ഫീസ്‌ അടയ്‌ക്കാൻ നിർദേശിച്ച്‌ ഇടുക്കി ആർഡിഒ നോട്ടീസ്‌ അയച്ചു. തരംമാറ്റത്തിനുള്ള ഫീസ്‌ പുനർനിർണയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാരി നൽകിയ അപേക്ഷ നിരസിച്ചതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.   2006ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിലെ സെക്‌ഷൻ 27 എ അനുസരിച്ച്‌ നിലവിൽ 25 സെന്റുവരെ വിസ്തീർണമുള്ള ഭൂമി തരംമാറ്റുമ്പോൾ ഫീസ്‌ ഈടാക്കരുതെന്നും അധികഭൂമിക്ക്‌ മുഖവിലയുടെ 10 ശതമാനംവീതം ഈടാക്കാമെന്നുമാണ്‌ വ്യവസ്ഥ. ഈ തുകമാത്രമേ ഈടാക്കാവൂ എന്നാണ്‌ പരാതിക്കാരിയുടെ വാദം. ഇത്‌ അംഗീകരിച്ച സിംഗിൾ ബെഞ്ച്‌ പരാതിക്കാരിക്ക്‌ അധികമായുള്ള 11.65 സെന്റ്‌ (4.45 ആർ) ഭൂമിയുടെ മുഖവിലയുടെ 10 ശതമാനം ഫീസ്‌ നിർണയിച്ച്‌ നൽകാൻ ആർഡിഒയ്‌ക്ക്‌ നിർദേശം നൽകി. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി. ഇതാണ്‌ ഡിവിഷൻ ബെഞ്ച്‌ തള്ളിയത്‌