08 May 2024 Wednesday

പൊലീസ് ചമഞ്ഞ് പണംതട്ടി: ഓൺലൈൻ ചാനൽ പ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ

ckmnews

പൊലീസ് ചമഞ്ഞ് പണംതട്ടി: ഓൺലൈൻ ചാനൽ പ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ


പെരിന്തല്‍മണ്ണ: പൊലീസ്‌ ചമഞ്ഞ്‌ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന്  കാല്‍ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ചാനലായ മലയാളം ടെലിവിഷൻ തിരൂര്‍ ബ്യൂറോ ചീഫ്‌ പാലക്കാനത്ത് മുഹമ്മദ് റാഫി (39), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ തോട്ടുംപുറത്ത് അബ്ദുള്‍ ദില്‍ഷാദ് (40), ഇവരുടെ സഹായി അസം സ്വദേശി റതിബുര്‍ റഹ്മാന്‍ (23) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.


ജൂലൈ 23-ന് പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്ന വീട്ടിൽ പൊലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് സംഘം അതിക്രമിച്ച്‌ കയറിയാണ്‌ പണം തട്ടിയത്‌. ലഹരിവസ്തുക്കളുണ്ടോയെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞ് വീട്ടുടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. വീഡിയോ എടുത്ത് പണം ആവശ്യപ്പെടുകയായിരുന്നെന്ന്‌  പൊലീസ് പറഞ്ഞു. അസം സ്വദേശിയുടെ സഹായത്തോടെയാണ്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കണ്ടെത്തിയത്.


ചോദ്യംചെയ്യലിനിടെ പ്രതികള്‍ മഞ്ചേരി, വല്ലപ്പുഴ എന്നിവിടങ്ങളിലും സമാനരീതിയില്‍ തട്ടിപ്പുനടത്തിയതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ ചാനലിന്റെ സ്റ്റിക്കറുകള്‍ പതിച്ച സ്‌കോര്‍പിയോ കാറും കസ്റ്റഡിയിലെടുത്തു.സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ (എസ്‌ടിയു) സംസ്ഥാന സെക്രട്ടറിയും സജീവ മുസ്ലിംലീഗ് പ്രവർത്തകനുമാണ്‌ മുഹമ്മദ്‌ റാഫി.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു