09 May 2024 Thursday

അരി വില കുതിക്കുന്നു ജനം ദുരിതത്തിൽ

ckmnews

മലയാളിയുടെ ചോറില്‍ കല്ലിട്ട് അരി വില തിളച്ചുപൊങ്ങുന്നു. ഒന്നര മാസത്തിനിടെ 10 മുതല്‍ 15 രൂപയുടെ വരെയാണ് അരിവില വര്‍ധിച്ചത്.ആന്ധ്ര അടക്കം ഇതര സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതും വിലക്കയറ്റം നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഇടപെടാത്തതുമാണ് വിലക്കയറ്റത്തിന്ന് ആക്കം കൂട്ടുന്നത്. 45 ദിവസത്തിനിടെ 20 ശതമാനം വരെ വിലക്കയറ്റമാണ് അരിക്ക് ഉണ്ടായത്. കോഴിക്കോട് വലിയങ്ങാടിയില്‍ ബംഗാള്‍ കുറുവക്ക് 31.50 ല്‍ നിന്ന് 37.50 ആയി. ചില്ലറ മാര്‍ക്കറ്റില്‍ ഇത് 40 കടന്നു.ആന്ധ്ര കുറുവ 33- 34ല്‍ നിന്ന് 42-44 ആയി. ചില്ലറ മാര്‍ക്കറ്റില്‍ 48 ആണ് വില. പഴയ സ്റ്റോക്ക് ഉള്ള വ്യാപാരികള്‍ മാത്രമാണ് ഇതില്‍ കുറച്ചു വില്‍ക്കുന്നത്. വെള്ള കുറുവ വില 38- 39ല്‍ നിന്ന് 45ന് മുകളിലേക്ക് ഉയര്‍ന്നു. പൊന്നി 42.50 ല്‍ നിന്ന് 48.50 ഉം 49 ഉം ആയി. ചില്ലറ വിപണിയില്‍ 50ന് മുകളിലാണ് വില. പച്ചരി വില 22ല്‍ നിന്ന് 33 ലേക്ക് കുതിച്ചു. ജയ 35ല്‍ നിന്ന് 46 ആയി. വരും മാസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.


ധാന്യങ്ങളുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. പരിപ്പ് 120ല്‍ നിന്ന് 160 ആയി. ചെറുപയര്‍ 100ല്‍ നിന്ന് 125- 130 വരെയായി. മുതിര 50- 60 നിന്ന് 100 ലെത്തി. വൻപയര്‍ 70 രൂപയില്‍ നിന്ന് 110 ലേക്ക് കുതിച്ചു. ചെറിയ ജീരകം രണ്ടു മാസം മുമ്ബ് 270 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 800 രൂപ കൊടുക്കണം. വലിയ ജീരകം 200ല്‍ നിന്ന് 400 ആയി. കൈപൊള്ളുന്ന വിലയില്‍ വിപണിയില്‍ അരി വാങ്ങാനെത്തുന്നവരും കുറഞ്ഞു.


മാര്‍ക്കറ്റില്‍ ചരക്കുനീക്കം വളരെ കുറവാണെന്ന് കോഴിക്കോട്ടെ പ്രധാനമൊത്ത അരിവ്യാപാര കേന്ദ്രമായ വലിയങ്ങായിടിയിലെ വ്യാപാരികള്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ കയറ്റുമതി ഇനങ്ങളിലേക്ക് തിരിഞ്ഞതാണ് കേരളത്തില്‍ അരി വിലക്കയറ്റത്തിന് പ്രധാന കാരണം. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.


റേഷൻ കടയില്‍ അരിയുടെ വിഹിതം വെട്ടിക്കുറച്ചതും പൊതു വിപണിയെ ബാധിക്കുന്നുണ്ട്. മുൻഗണനേതര(എൻ.പി.എൻ.എസ്) വെള്ള കാര്‍ഡുകാര്‍ക്ക് പ്രതിമാസം ഏഴു മുതല്‍ 10 കിലോഗ്രാം വരെ റേഷൻ നല്‍കിയിരുന്നത് രണ്ടു കിലോ ആയി വെട്ടിക്കുറച്ചു. മാത്രമല്ല, മുൻഗണനാ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് മട്ട അരിയും പച്ചരിയുമാണ്.മാവേലി സ്റ്റോറുകളില്‍ സബ്സിഡി ധാന്യങ്ങളുടെയും അരിയുടെയും വിതരണവും നാമമാത്രമാക്കിയതും വിലക്കയറ്റത്തിന് കാരണമാവുന്നു. ഇടത്തരം സാമ്ബത്തിക ശേഷിയുള്ളവര്‍ക്കുപോലും താങ്ങാൻ കഴിയാത്തവിധം അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.