09 May 2024 Thursday

ഷീല സണ്ണിക്ക് പിന്തുണയുമായി സർക്കാർ; ഷീ സ്‌റ്റൈല്‍ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

ckmnews


വ്യാജ മയക്കുമരുന്ന് കേസില്‍ ജയിലിലായ ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് പിന്തുണ അറിയിച്ച് സർക്കാർ. ചാലക്കുടിയിലെ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് സംസാരിയ്ക്കവേ മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷീല സണ്ണിക്ക് ഉണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തതായി മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ഷീല സണ്ണിയെ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്‌പെന്റ് ചെയ്യുകയും ഷീല സണ്ണിയെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു. കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ എക്‌സൈസ് ശക്തമായി ഇടപെടുവാനും ഊര്‍ജിതമായ അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം യു പി ജോസഫ്, ഏരിയാ സെക്രട്ടറി കെ എസ് അശോകന്‍, ടി പി ജോണി, കെ പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


അതേസമയം ആറ് മാസത്തോളമായി അടഞ്ഞുകിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചിരുന്നു. ആറ് മാസത്തോളമായി പുട്ടിയിട്ടിരിക്കുകയായിരുന്ന ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ആണ് പുതിയതായി ആരംഭിച്ചത്.ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫാണ് ബ്യുട്ടി പാർലർ ഉദ്ഘാടനം ചെയ്യതത്. മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ബ്യുട്ടി പാർലർ വീണ്ടും തുറക്കാൻ ഷീലയ്ക്ക് സഹായം നൽകിയത്.