08 May 2024 Wednesday

വ്യാജ നമ്പര്‍ ഉപയോഗിച്ച് കറക്കം:പിഴ വരുന്നത് മറ്റൊരാള്‍ക്കും,ഒടുവില്‍ പിടിയില്‍

ckmnews


മലപ്പുറം : മലപ്പുറം: സംസ്ഥാനത്തെ നിരത്തുകളിൽ എഐ ക്യാമറകള്‍ വന്നതിന് പിന്നാലെ വാഹനം മാറി പിഴ വരുന്നത് പതിവായിരുന്നു. എന്നാൽ ഈ അവസരം മുതലെടുത്ത് വ്യാജ നമ്പർ പ്ലേറ്റുമായി സ്കൂട്ടറിൽ കറങ്ങി നടന്ന വിരുതനെ പൊലീസ് പൊക്കി. 

മൂന്ന് മാസം മുമ്പാണ് കൊപ്പം പുലാശ്ശേരി സ്വദേശി സൈനുൽ ആബിദിന് ട്രാഫിക് നിയമ ലംഘനത്തിന് പിഴയടയ്ക്കണമെന്ന മൊബൈൽ സന്ദേശം ലഭിച്ചത്. പിന്നാലെ മഞ്ചേരിയിൽനിന്ന് പൊലീസിന്റെ നാലും മോട്ടോർ വാഹന വകുപ്പിന്റെ ഒരു കേസും മൊബൈലിലേക്ക് പിഴ അടക്കാൻ സന്ദേശം വന്നപ്പോൾ ആബിദ് ശരിക്കും ഞെട്ടി. 



മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ കയറി പിഴയൊടുക്കാൻ ശ്രമിച്ചപ്പോഴാണ് ആ വാഹനം തന്റെതല്ലന്ന് ചിത്രത്തിൽ നിന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹം പരാതിയുമായി എത്തി. ഇതോടെയാണ് മറ്റൊരു സ്‌കൂട്ടറിന്റെ നമ്പർ വെച്ച് ഓടിയ വ്യാജ വാഹനത്തെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം പൊക്കിയത്. ആബിദിന്റെ കെ.എൽ. 52 പി. 410 എന്ന നമ്പറിലുള്ള കറുപ്പ് ആക്ടീവ സ്‌കൂട്ടറിന്റെ നമ്പർ ഉപയോഗിച്ചാണ് മറ്റൊരു സ്‌കൂട്ടർ നിരത്തിൽ കറങ്ങിയിരുന്നത്. കോട്ടക്കലിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വാഹനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ഇ-ചലാൻ റസിപ്റ്റ് ഉൾപ്പെടെ വിശദമായി പരിശോധിച്ചു. 



മഞ്ചേരി മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും റോഡിലെ കാമറ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ വർക്ക്‌ഷോപ്പിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടു. തുടർന്ന് മഞ്ചേരി ഭാഗത്തെ വർക്ക്‌ഷോപ്പ് കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ പൂക്കോട്ടൂരിൽനിന്ന് വാഹനം കണ്ടെത്തി. വ്യാജ നമ്പറിൽ ഓടിച്ച വാഹനം തുടർനടപടികൾക്കായി മോട്ടോർ വാഹന വകുപ്പ് മഞ്ചേരി പൊലീസിന് കൈമാറും. വാഹന ഉടമ സൈനുൽ ആബിദിൻറെ പരാതിയിൽ മഞ്ചേരി പൊലീസിൽ ഒരു കേസുള്ളതിനാൽ പൊലീസ് തുടർനടപടി കൈകൊള്ളുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ അറിയിച്ചു.