08 May 2024 Wednesday

എഴുതി തീർന്ന സമ്പാദ്യം പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ

ckmnews


മലപ്പുറം :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വേറിട്ട ക്യാമ്പയിനുമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ.  ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം  ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്.

മൂന്നു വർഷം മുൻപ് പരീക്ഷണ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി നഗരസഭ ഓഫീസിന് മുൻപിൽ ഇത്തരത്തിൽ ഒരു ബോക്സ് നഗരസഭ സ്ഥാപിച്ചിരുന്നു. നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവരെ കൂടി അണിനിരത്തിക്കൊണ്ട് ഈ പരിപാടി വിപുലമാക്കാനാണ് ഇക്കുറി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. ' എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം.

വിദ്യാലയങ്ങളെയും വീടുകളെയും എല്ലാം ഇതിന്റെ ഭാഗമാക്കാനാണ് ആലാേചിക്കുന്നത്. ഖത്തറിലെ ഫുട്ബോൾ ഗാലറി വൃത്തിയാക്കി മടങ്ങിയ ജാപ്പനീസ് സംഘം നൽകിയ പാഠം ഉൾക്കൊണ്ട് കൂടിയാണ് വിദ്യാർത്ഥികളിലേക്ക് ഇത്തരമൊരു ക്യാമ്പയിൻ കേന്ദ്രീകരിക്കുന്നത് എന്നും ജില്ലാ ശുചിത്വ മിഷൻ ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വരെ നീണ്ടു നിൽക്കുന്നതാണ് ഈ കാമ്പയിൻ. സ്വയം ഉത്തരവാദിത്വത്തിൽ ലളിതമായ ബോക്സ് സ്ഥാപിച്ച ചിത്രം https://forms.gle/ZYGbk3doDXx4q3t28  ൽ    അയക്കുന്നവർക്ക് പങ്കാളിത്ത സാക്ഷ്യ പത്രം അതേ വിലാസത്തിലേക്ക്  തിരിച്ച് അയച്ചു നൽകും. തദ്ദേശ വകുപ്പ് മന്ത്രിയുടെ  ഓഫീസിൽ സ്ഥാപിക്കാനുള്ള പെട്ടി  നൽകിയാണ് ക്യാമ്പയിന് ജില്ലയിൽ തുടക്കമിട്ടത്.

ഒപ്പം, നിങ്ങളുടെ ചിത്രങ്ങൾ #penboxchallenge എന്ന ടാഗോടു കൂടി ഒരാളെ ചലഞ്ച് ചെയ്ത് ഫേസ്ബുക്കിലും പങ്കുവെക്കൂ.

#penboxchallengekerala

#മാലിന്യമുക്തംനവകേരളം