09 May 2024 Thursday

കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസ്: ഗുരുതര ആരോപണവുമായി അതിജീവിത

ckmnews



കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിൽ ഗുരുതര ആരോപണവുമായി അതിജീവിത. വൈദ്യ പരിശോധനയിലും സാമ്പിൾ ശേഖരിക്കുന്നതിലും ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം. പ്രതികളെ സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ തെളിവാണിതെന്നും അതിജീവത ആരോപിച്ചു.

കഴിഞ്ഞ മെയ് 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിന് ഇരയായത്. സംഭവം അന്നുതന്നെ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. എന്നാൽ വൈദ്യപരിശോധന നടത്തിയത് നാല് ദിവസത്തിന് ശേഷം മെയ് 21 ന്. ആന്തരികാവയവങ്ങളിൽ വേദനയുണ്ടെന്ന് ഡോക്ടറോടും വ്യക്തമാക്കിയിരുന്നു. ഗൈനക്കോളജിസ്റ്റ് ബാഹ്യ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് അതിജീവതയുടെ ആരോപണം. സാമ്പിൾ ശേഖരണം ഇതുവരെ നടത്തിയിട്ടില്ല.


പരിശോധന നടത്താൻ ആശുപത്രി അധികൃതരുടെ വിചിത്ര വാദവും. യുവതിയുടെ തിരിച്ചറിയൽ രേഖകൾ നൽകണമെന്നാണ് അധികൃതരുടെ ആവശ്യം. കേസിലെ പ്രതി എം.എം ശശീന്ദ്രന് അനുകൂലമായി ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് അതിജീവതയുടെ തീരുമാനം.