08 May 2024 Wednesday

ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മലപ്പുറം സ്വദേശിനി

ckmnews


കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മലപ്പുറം സ്വദേശിനി. മലപ്പുറം മങ്കര വടക്കാങ്കര സ്വദേശിനി റിൻഷ പട്ടക്കൽ ആണ് ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ്‌ എന്ന നേട്ടം സ്വന്തമാക്കിയത്.


പ്ലസ് ടുവിനു ശേഷം ബി ടെക്ക് സിവിൽ എഞ്ചിനീയറിങ് പ്രവേശനത്തിനു കാത്തിരിക്കവേയാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവ് കൂടിയായിരുന്നു റിൻഷ.

മേയിൽ ഡിജിസിഎ അംഗീകാരം ലഭിച്ച ഈ കോഴ്സിൽ 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്‌സിന്റെ ഭാഗമായുണ്ട്.ഡ്രോണിന്റെ സുരക്ഷാ പരിശോധനകൾ നടത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടതും പൈലറ്റ് ആണ്.

ഡ്രോണുകൾ പറപ്പിക്കുന്നതിനു നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം.പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.