09 May 2024 Thursday

‘മദ്യവർജനമാണ് സർക്കാർ നയം, ആരോപണങ്ങൾ അടിസ്ഥാനരഹിതം’; എം.ബി രാജേഷ്

ckmnews


മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. യാഥാർത്ഥ്യബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ്. കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളിലെ മദ്യഷാപ്പുകളും മദ്യ ഉപഭോഗവും താരതമ്യം ചെയ്താണ് എക്സൈസ് മന്ത്രി മദ്യനയത്തെ ന്യായീകരിച്ചത്. കർണാടകയിൽ 3980ഉം തമിഴ്‌നാട്ടിൽ 6380ഉം ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് പറഞ്ഞ മന്ത്രി മദ്യവർജനമാണ് ഇടതുപക്ഷ നയമെന്ന് ആവർത്തിച്ചു.

പ്രതിപക്ഷ നേതാവിനെയും അദ്ദേഹം വിമർശിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് വി.ഡി സതീശൻ നടത്തിയത്. പ്രതിപക്ഷ നേതാവിന്റെത് ശാപവാക്കുകൾ. ഇത്തരമൊരു പ്രസ്താവന പാടില്ലായിരുന്നുവെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി. പുതിയ നയം കള്ളുചെത്ത് വ്യവസായത്തെ തകർക്കുമെന്ന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.