09 May 2024 Thursday

മദ്യമൊഴുക്കാന്‍ ഉദാരനയവുമായി സര്‍ക്കാര്‍

ckmnews

സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സര്‍ക്കാര്‍. ഇന്ത്യൻ നിര്‍മിത വിദേശ മദ്യം, ബിയര്‍, കള്ള്, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കുന്ന മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം.ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ച്‌ ഇന്ത്യൻ നിര്‍മിത വിദേശമദ്യ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കും. 


അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖല ശക്തമാക്കും. 559 വിദേശ മദ്യ ചില്ലറ വില്‍പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ടൂറിസം സീസണില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വില്‍പന നടത്താൻ പ്രത്യേക ലൈസൻസ് നല്‍കും.


മറ്റ് തീരുമാനങ്ങള്‍: 


• ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ക്രമീകരണം വരുത്തും. 


• ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും അതത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉല്‍പാദിപ്പിച്ച്‌ അതിഥികള്‍ക്ക് നല്‍കാം. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കള്ള് 'കേരള ടോഡി' എന്ന പേരില്‍ ബ്രാൻഡ് ചെയ്യും. 


• ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസ്സമില്ലെങ്കില്‍ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധനനടത്തുന്നതുവരെ ബാര്‍ ലൈസൻസ് പുതുക്കി നല്‍കും. ഐ.ടി പാര്‍ക്കുകളിലെ പോലെ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്ബുന്നതിന് ലൈസൻസ് അനുവദിക്കും. വ്യവസായ വകുപ്പുമായി ആലോചിച്ച്‌ ഇതിന് ചട്ടം നിര്‍മിക്കും. 


• ബാര്‍ ലൈസൻസ് ഫീസ് 30 ലക്ഷത്തില്‍നിന്ന് 35 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫിസേഴ്സ് എന്നിവര്‍ക്കുള്ള ക്ലബുകളില്‍ മദ്യം വിളമ്ബുന്നതിനുള്ള എഫ്.എല്‍ നാല് ലൈസൻസ് ഫീസ് 50,000ത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി. 


• സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കും. പാലക്കാടുള്ള മലബാര്‍ഡിസ്റ്റിലറിയില്‍ ഈ വര്‍ഷം മദ്യ ഉല്‍പാദനം ആരംഭിക്കും. 


• അതത് ദിവസങ്ങളിലെ വില്‍പനക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, വിനാഗിരി പോലെയുള്ള മൂല്യ വര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത്‌ നിരീക്ഷിക്കാൻ ട്രാക്ക്‌ ആൻഡ്‌ ട്രെയ്സ്‌ സംവിധാനം വരും.