09 May 2024 Thursday

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്: ലഡാക്കില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ckmnews


ഇന്ന് കാർഗിൽ വിജയ് ദിവസ്. രണ്ട് ദിവസം നീളുന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച ലഡാക്കില്‍ തുടക്കമായി. 1999-ലെ യുദ്ധത്തില്‍ വീരമൃത്യ വരിച്ച ധീരജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങും ഇതിനോട് അനുബന്ധിച്ച് നടക്കും. ലഡാക്കിലെ ലാമോച്ചന്‍ വ്യൂപോയിന്റില്‍ വെച്ച് നടക്കുന്ന ആഘോഷപരിപാടിയില്‍ മരണമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളും പങ്കുചേരുന്നുണ്ട്.


ഇന്നലെ ആരംഭിച്ച ചടങ്ങില്‍ വടക്കന്‍ സൈനിക കമാൻഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിമുഖ്യാതിഥിയായി. ഇതിന്‌ശേഷം സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനവും നടന്നു. വൈകിട്ട് കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സൈനിക മേധാവിക്ക് പുറമെ നിലവിലുള്ളതും വിരമിച്ചവരുമായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘ഓപ്പറേഷന്‍ വിജയ്’ സമയത്തെ സൈനികരുടെ ത്യാഗത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് 599 ജവാന്മാരുടെ അനുസ്മരിച്ച് വീര്‍ഭൂമിയില്‍ പ്രതീകാത്മകമായി 559 വിളക്കുകള്‍ കത്തിച്ചു.

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും സൈനിക മേധാവി ചടങ്ങില്‍വെച്ച് ആദരിച്ചു. ശൗരസന്ധ്യ എന്ന് പേരിട്ട ആഘോഷപരിപാടിക്ക് ലഡാക്ക് സ്‌കൗട്ട്‌സ് റെജിമെന്റല്‍ സെന്റര്‍ ഫ്യൂഷന്‍ ബാന്റിന്റെ ദേശഭക്തിഗാന ആലാപനത്തോടെയാണ് തുടക്കമായത്.


ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പുറമെ സൈനിക ഉദ്യോഗസ്ഥരും യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാര്‍, അമ്മമാര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ എന്നിവരും പങ്കെടുത്തു. രാജ്യത്തെ സേവിക്കുന്നതിനിടെ നമ്മുടെ ധീരരായ സൈനികര്‍ നടത്തിയ മഹത്തായ ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലിയായി മാറി ഈ ചടങ്ങ്.


കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കും