08 May 2024 Wednesday

തൃശൂരിൽ ആനയെ കൊന്ന്‌ കുഴിച്ചിട്ട സംഭവം; 4 പേർ കൂടി കീഴടങ്ങി

ckmnews


തൃശൂർ ചേലക്കരയ്ക്കടുത്ത് വാഴക്കോട് ആനയെ കൊന്ന് കുഴിച്ചു മൂടി കൊമ്പ് കടത്തിയ കേസിൽ 4 പ്രതികൾ കൂടി കീഴടങ്ങി. ജിൻ്റോ, ജെയിംസ് തോമസ്, ജെയിംസ് പി വർഗീസ്, സെബി മാത്യു എന്നിവരാണ് എറണാകുളത്തും ത്യശൂരിലുമായി കീഴടങ്ങിയത്. ഈ മാസം 14 നാണ് റോയിയുടെ റബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയിൽ 10 പേരാണുള്ളത്. ആനയെ കുഴിച്ചിട്ട റബ്ബർ തോട്ടത്തിൻ്റെ ഉടമയായ മണിയൻചിറ ജോയിയും മറ്റൊരു പ്രതിയായ ജോബിയും 4 ദിവസം മുമ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. ആനയുടെ കൊമ്പ് മുറിച്ചെടുത്തതിന് നേരത്തേ അറസ്റ്റിലായ അഖിലാണ് പ്രതി പട്ടികയിൽ രണ്ടാമൻ. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.


അതേസമയം, കൊമ്പ് വെട്ടിയെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിലെ മൂന്ന് പ്രതികളെയാണ് അന്വേഷണസംഘം തിങ്കളാഴ്ച തെളിവെടുപ്പിനായി കൊണ്ടുവന്നത്. കേസിലെ മുഖ്യപ്രതി അഖിൽ മോഹൻ, ഞായറാഴ്ച രാത്രി പിടിയിലായ പാലാ സ്വദേശി ജോണി, ആലപ്പുഴ സ്വദേശി മഞ്ജു തോമസ്, എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.