09 May 2024 Thursday

മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം

ckmnews


85 ദിവസത്തിന് ശേഷം മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാ​ഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും.മെയ് മൂന്ന് മുതല്‍ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിവസവും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.അതേസമയം പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുയർത്തി. ഭീകര സംഘടനകളായ പി എഫ് ഐ യും, ഇന്ത്യന്‍ മുജാഹിദിനും ഇന്ത്യ എന്ന് ഉപയോഗിച്ചു. ഇംഗ്ഗീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലും ഇന്ത്യയുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്ന് പ്രധാനമന്ത്രി.ഇത്തരത്തില്‍ ദിശബോധം ഇല്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മണിപ്പൂരില്‍ രണ്ട് ദിവസത്തിനിടെ മ്യാന്‍മാറില്‍ നിന്ന് അനധികൃതമായി എത്തിയത് 718 പേര്‍ ആണ്. ഈ മാസം 22-23 തീയതികളിലാണ് ഇത്രയും പേര്‍ മതിയായ രേഖകളില്ലാതെ മണിപ്പൂരിലെത്തിയത്. ഇവരെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അസം റൈഫിള്‍സിനോട് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.