09 May 2024 Thursday

ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച KSRTC ജീവനക്കാരനെ സര്‍വീസില്‍ നിന്ന് മാറ്റിനിർത്തി

ckmnews


തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുനിർത്തി ബസ് കഴുകിച്ച് സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ മകളായ പെൺകുട്ടിയുടെ വീട്ടുകാർ ഇന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ച ചെമ്പൂർ വഴി വെള്ളറടയിലേക്ക് വരുന്ന ബസിലായിരുന്നു സംഭവം.പല്ലിന്റെ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാര്‍ഥിയായ പെൺകുട്ടി ബസിനുള്ളിൽ ഛർദിക്കുകയായിരുന്നു.പിന്നീട് ബസ് വെള്ളറട ഡിപ്പോയിലെത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു.തുടര്‍ന്ന് അവര്‍ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കി.

ഛർദിച്ച പെൺകുട്ടി ഇന്നലെ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ്. അസുഖത്തിന്റെ മരുന്നുകളും ആഹാരവും കഴിച്ച ഉടൻ യാത്ര ചെയ്തതാണ് ഛര്‍ദിക്കാന്‍ കാരണമായതെന്ന് പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾക്കുണ്ടായ ദുരനുഭവത്തിൽ ജീവനക്കാരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്. ഡ്രൈവറുടെ നടപടി തടയാനോ, സംഭവം റിപ്പോർട്ട് ചെയ്യാനോ കണ്ടക്ടർ തയാറായില്ലെന്നും പരാതിയുണ്ട്.