09 May 2024 Thursday

‘രാജ്യത്തിനായി പോരാടി, പക്ഷേ ഭാര്യയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല’; മണിപ്പൂർ സംഭവത്തിൽ വിമുക്തഭടൻ

ckmnews


മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടനാണെന്നതും വേദനാജനകം. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഈ വിമുക്തഭടൻ.

അസം റെജിമെന്റിന്റെ സുബേദാറായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ആളാണ് ഇരയുടെ ഭർത്താവ്. രാജ്യത്തിനുവേണ്ടി പോരാടിയ തനിക്ക് സ്വന്തം വീടിനെയും ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാൻ കഴിയാതെപോയി എന്ന് വിമുക്തഭടൻ പറയുന്നു.


“കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാൻ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ വിരമിച്ചതിന് ശേഷം എനിക്ക് എന്റെ വീടിനെയും ഭാര്യയെയും സഹ ഗ്രാമീണരെയും സംരക്ഷിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്” – വിമുക്തഭടൻ പ്രതികരിച്ചു.


‘ഞാൻ അതീവ ദുഖിതനാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ല. വീടുകൾ കത്തിച്ചവർക്കും സ്ത്രീകളെ അപമാനിച്ചവർക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ – അദ്ദേഹം കൂട്ടിച്ചേർത്തു.