09 May 2024 Thursday

വിലയിടിഞ്ഞ് വെളിച്ചെണ്ണ

ckmnews

പാലക്കാട്: സംസ്ഥാനത്ത് നാളികേര വില കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കുത്തനെ വിലയിടിഞ്ഞു.കഴിഞ്ഞ വര്‍ഷാവസാനം വരെ ലിറ്ററിന് 230-250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്കിപ്പോള്‍ 130-140 രൂപയാണ് വില. രണ്ടുമാസം മുമ്ബുവരെ കിലോയ്ക്ക് 45-48 രൂപയുണ്ടായിരുന്ന നാളികേരത്തിനിപ്പോള്‍ 23-25 രൂപയാണ് വിപണി വില. ഇതോടെ ജില്ലയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്.


ചിറ്റൂര്‍, കൊഴിഞ്ഞാമ്ബാറ, മണ്ണാര്‍ക്കാട് മേഖലകളിലാണ് ജില്ലയില്‍ കൂടുതലായും കേരകര്‍ഷകരുള്ളത്. സര്‍ക്കാര്‍ സംഭരണം നിലച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് വരവ് കൂടിയതാണ് ഇവിടെ നാളികേര വിലയിടിവിന് കാരണമായത്. നിലവില്‍ ഒരു നാളികേരത്തിന് കര്‍ഷകന് ലഭിക്കുന്നത് 7-8 രൂപയാണ്. ഇതില്‍ തന്നെ വലിപ്പം കുറഞ്ഞാല്‍ 5-6 രൂപയാണ് വ്യാപാരികള്‍ കര്‍ഷകര്‍ക്ക് നല്‍കുക.100-120 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കിപ്പോള്‍ 70-75 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പാളിയതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.


സപ്ലൈകോ ഒരു ലിറ്റര്‍ വെളിച്ചെണ്ണ 127 രൂപയ്ക്ക് നല്‍കുന്നുണ്ടെങ്കിലും പൊതുവിപണിയിലും വില കുറഞ്ഞതോടെ ഇതും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇതിനുപുറമെ തമിഴ്നാട്ടില്‍ നിന്ന് വെളിച്ചെണ്ണ 100 രൂപയ്ക്കും കൊപ്ര 60 രൂപയ്ക്കും വരാൻ തുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി.