08 May 2024 Wednesday

എടവണ്ണയിലെ സദാചാര ഗുണ്ടായിസം: 5 പേര്‍ അറസ്റ്റില്‍

ckmnews



മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനെയും സഹോദരിയും സംസാരിച്ചു നിന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 


ഈ മാസം 13നാണ് കേസിനാസ്പദമനായ സംഭവം. പെണ്‍കുട്ടിയും സഹോദരനും സംസാരിച്ചുകൊണ്ടിരുന്നത് ഇത് കണ്ടു നിന്നവരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സഹോദരനും സുഹൃത്തുക്കളും എത്തി. തുടര്‍ന്ന് ഇവരുമായി വാക്കേറ്റമാവുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.


സംഭവത്തിന് പിന്നാലെ ‘ജനകീയകൂട്ടായ്മ’ എന്ന പേരില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു വിദ്യാര്‍ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പായി ഫ്‌ലക്‌സ് വെക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി വിദ്യാര്‍ഥി പക്ഷത്തിന്റെ മറുപടിയായും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.