09 May 2024 Thursday

മഴ; 4 ജില്ലകൾക്ക് യെല്ലോ അലർട്ട്, മോശം കാലാവസ്ഥയ്ക്കും സാധ്യത

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. 15-07-2023ന്  കാസർഗോഡ്, 18-07-2023ന്  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 15-07-2023ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.


മത്സ്യത്തൊഴിലാളികള്‍ക്കും  ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17-07-2023 മുതൽ 19 -07-2023 വരെ : കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.