09 May 2024 Thursday

170 കിലോ കഞ്ചാവ് പിടികൂടിയ കേസ്‍; മൂന്ന് യുവാക്കള്‍ക്ക് 12 വര്‍ഷം കഠിനതടവ്

ckmnews


ലോറിയില്‍ കടത്തുകയായിരുന്ന 170 കിലോ കഞ്ചാവ് വാളയാറില്‍ പിടികൂടിയ കേസില്‍ മൂന്ന് യുവാക്കള്‍ക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷ. മലപ്പുറം സ്വദേശികളായ ഫാസില്‍ ഫിറോസ് മുഹമ്മദലി, നൗഫല്‍, ഷാഹിദ് എന്നിവരെയാണ് പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പച്ചക്കറിയെന്ന വ്യാജേനയായിരുന്നു യുവാക്കളുടെ ലഹരികടത്ത്.

2022 മാർച്ച്‌ 18 നാണ് തമിഴ്നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കളെ പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാളയാര്‍ അതിര്‍ത്തി പിന്നിട്ട് പാലക്കാട്ടേക്ക് നീങ്ങുന്നതിനിടെയായിരുന്നു കെഎല്‍ ഇരുപത്തി ഒന്‍പത് ജെ ആറായിരത്തി അറുന്നൂറ്റി അറുപത്തി നാല് എന്ന ലോറിക്ക് തടസമിട്ട് ഉദ്യോഗസ്ഥര്‍ മൂവരെയും കുടുക്കിയത്. പച്ചക്കറിയെന്ന വ്യാജേന ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന എഴുപത്തി ആറ് പൊതികള്‍ അടക്കം നൂറ്റി എഴുപത് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച കഞ്ചാവ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കെത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. നേരത്തെയും പച്ചക്കറിയെന്ന വ്യാജേന ലഹരികടത്തിയിട്ടുണ്ടെന്ന് യുവാക്കള്‍ എക്സൈസിനോട് സമ്മതിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്സൈസ് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വിശദമായ വാദത്തിനൊടുവിലാണ് മൂവര്‍ക്കും ഒരേ ശിക്ഷ വിധിച്ചത്. പന്ത്രണ്ട് വർഷം വീതം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം വീതം വെറും തടവും അനുഭവിക്കണമെന്ന് പാലക്കാട് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി തങ്കച്ചൻ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസീക്യൂട്ടർ എം രമേഷ് ഹാജരായി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൂവരെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.