09 May 2024 Thursday

മണൽ മാഫിയയുമായി ബന്ധം: 7 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ckmnews

മണൽ മാഫിയയുമായി ബന്ധം: 7 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു


തിരുവനന്തപുരം∙ മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച 7 പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എ എസ്ഐമാരെയും അഞ്ചു സിവിൽ പൊലീസ് ഓഫീസർമാരെയും സർവീസിൽനിന്ന് നീക്കം ചെയ്ത് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.


ഗ്രേഡ് എഎസ്ഐമാരായ പി. ജോയ് തോമസ് (കോഴിക്കോട് റൂറൽ), സി. ഗോകുലൻ (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ പി.എ. നിഷാർ (കണ്ണൂർ സിറ്റി), എം.വൈ. ഷിബിൻ (കോഴിക്കോട് റൂറൽ), ടി.എം. അബ്ദുൾ റഷീദ് (കാസർഗോഡ്), വി.എ. ഷെജീർ (കണ്ണൂർ റൂറൽ), ബി. ഹരികൃഷ്ണൻ (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽനിന്ന് നീക്കം ചെയ്തത്.



മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫിസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധിക‍‌ൃതർ വ്യക്തമാക്കി.