09 May 2024 Thursday

ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews


ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന 23 കാരനാണ് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

കോട്ടയിലെ അനന്ത്പുര താലാബിൽ താമസിക്കുന്ന വൈഭവ് ശർമ്മ (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്കിലേക്ക് പടർന്നു.


തീ ആളിപ്പടർന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. അൽപസമയത്തിനകം യുവാവ് മരിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തീപിടിത്തമുണ്ടായ ഉടൻ നഴ്‌സിങ് ജീവനക്കാരും ഡോക്ടർമാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പരാതിയുണ്ട്.


കുറ്റക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോൺഗ്രസ് പ്രവർത്തകറം പ്രതിഷേധിച്ചു. വിഷയത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സംഗീത സക്‌സേന പറഞ്ഞു. അതിന് ശേഷമേ ആരുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് വ്യക്തമാകൂ എന്നും സംഗീത വ്യക്തമാക്കി.