09 May 2024 Thursday

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

ckmnews


വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ 23നാണ് എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍ തോമസ് കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ക്ക് ജാമ്യം നേടാനായത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ കേസ്. ആരോപണം ഉയരുമ്പോള്‍ കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയായിരുന്നു. 201820 കാലഘട്ടത്തിലാണ് എംഎസ്എം കോളേജില്‍ നിഖില്‍ തോമസ് ബികോമിന് ചേരുന്നത്. 2020 ല്‍ അവസാനിച്ച അധ്യയന വര്‍ഷത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കാത്ത നിഖില്‍ തൊട്ടടുത്ത വര്‍ഷം അതെ കോളേജില്‍ എം.കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി നല്‍കിയതാകട്ടെ 2019- 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും. അതായത്, എംഎസ്എം കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന അതേ കാലയളവില്‍ കലിംഗയിലെ ഡിഗ്രി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്. കോളേജില്‍ നിഖിലിന്റെ ജൂനിയറും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.