08 May 2024 Wednesday

കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടർക്കെതിരെ നേരത്തയും പരാതി; വീട്ടിൽ നിന്ന് പിടിച്ചത് 15 ലക്ഷം രൂപ; ഇഡി അന്വേഷിക്കും

ckmnews


തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ല. മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.അതേസമയം, കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും വരും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതാണ് കാരണം. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോ സർജൻ ഡോ. ഷെറി ഐസക്കാണ് ഇന്നലെ കൈക്കൂലി കേസിൽ അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്ക് മൂവായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു. 

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ വിജിലന്‍സിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.