08 May 2024 Wednesday

സംരംഭക വര്‍ഷത്തില്‍ കുതിച്ച്‌ മലപ്പുറം: ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങള്‍

ckmnews

സര്‍ക്കാര്‍ വ്യവസായ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങള്‍.2022 മാര്‍ച്ച്‌ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കാണിത്. ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുന്ന പദ്ധതിയിലൂടെ 812.07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്. ഇതിലൂടെ 28,818 പേര്‍ക്ക് തൊഴില്‍ കണ്ടെത്താനും കഴിഞ്ഞു.കൃഷി-ഭക്ഷ്യ സംസ്‌കരണം, ബിവറേജ്, മാംസ വിപണനം, മത്സ്യ ഉത്പാദനവും സംസ്‌കരണവും, വസ്ത്ര നിര്‍മാണം, കരകൗശലം, ഇലക്‌ട്രോണിക്‌സ്, ടൂറിസം എന്നിവയിലൊക്കെയാണ് കൂടുതല്‍ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്.223 സംരംഭങ്ങള്‍ ആരംഭിച്ച വണ്ടൂര്‍ പഞ്ചായത്താണ് ഗ്രാമീണ മേഖലയില്‍ ജില്ലയില്‍ മുന്നിലുള്ളത്.നഗരസഭകളില്‍ 288 സംരംഭങ്ങളുമായി മഞ്ചേരി നഗരസഭയും 978 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്തും ജില്ലയില്‍ ഒന്നാമതെത്തിയിട്ടുണ്ട്.സംരംഭക വര്‍ഷം പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത വനിതാ സംരംഭകര്‍ക്ക് നല്‍കുന്ന പ്രത്യേക പ്രോത്സാഹനങ്ങളാണ്. വനിതാ സംരംഭകരെ മുന്നോട്ടുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വിവിധ സംരംഭക സഹായ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പിലാക്കുന്നത്. ജില്ലയില്‍ ഇതുവരെ 3758 വനിതാ സംരംഭങ്ങള്‍ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.


പദ്ധതി ആരംഭിച്ച്‌ കുറഞ്ഞ സമയം കൊണ്ട് തന്നെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ജില്ലയില്‍ സൃഷ്ടിക്കാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. സംരംഭകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളുംസഹായങ്ങളും നല്‍ക്കുക, സബ്സിഡി, വായ്പ മറ്റ് സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌ സംരംഭകരെ ബോധവത്കരിക്കുക, പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയ്ക്കായ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 122 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഹെല്‍പ്പ് ഡെസ്‌കും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകര്‍ക്കായി നല്‍കി വരുന്നുണ്ട്.നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിൻ മണി ഗ്രാന്റ് പദ്ധതി, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശയിളവ് പദ്ധതി, പ്രവര്‍ത്തന രഹിതമായ എം.എസ്.എം.ഇകള്‍ക്കും കശുവണ്ടി സംസ്‌കരണ യൂണിറ്റുകള്‍ക്കുമുള്ള പുനരുജ്ജീവന പുനരധിവാസ പദ്ധതി, നൈപുണ്യ സംരംഭക വികസന സൊസൈറ്റികള്‍ക്കുള്ള സഹായം, കരകൗശല വിദഗ്ധര്‍ക്കുള്ള സഹായം ഉള്‍പ്പടെ വ്യവസായ വകുപ്പിന്റെയും മറ്റു ഇതര വകുപ്പുകളുടെയും സബ്സിഡി സ്‌കീമുകളും സംരംഭകര്‍ക്കായി നിലവിലുണ്ട്.ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ പദ്ധതിയില്‍ മലപ്പുറം,എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദം നടപടികളിലൂടെ സംരംഭകത്വത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് ശങ്കിച്ചു നില്‍ക്കുന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചു.