09 May 2024 Thursday

അമ്പതിനായിരം കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം; ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലും

ckmnews


ഹൈദരാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. ഇന്നലെ ഛത്തിസ്ഗട്ടിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും എത്തുക. കോടികളുടെ വികസനപദ്ധതികള്‍ക്കാകും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.കഴി‌ഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചത്തീസ്ഗഡിലെത്തിയ പ്രധാനമന്ത്രി സംസ്ഥാന ഭരണത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിന് ചത്തീസ്ഡഡ് എ ടി എം മാത്രമാണെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. അഴിമതിയാണ് അവരുടെ മുഖമുദ്രയെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.


അതേസമയം ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തത്. 750 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ ദൈർഘ്യമുള്ള റായ്പുർ - ഖരിയാർ റോഡ് റെയിൽ പാത, 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച 17 കിലോമീറ്റർ നീളമുള്ള ക്യോട്ടി - അന്താഗഢ് റെയിൽ പാത എന്നിവയും പ്രധാനമന്ത്രിരാജ്യത്തിന് സമർപ്പിച്ചു. പ്രതിവർഷം 60,000 മെട്രിക് ടൺ ശേഷിയുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോർബയിലെ ബോട്ടിലിംഗ് പ്ലാന്‍റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അടിസ്ഥാനസൗകര്യം, സമ്പർക്കസൗകര്യം തുടങ്ങിയ മേഖലകളിൽ 7000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ലഭിക്കുന്നത് ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് വളരെ പ്രധാനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു