09 May 2024 Thursday

ബാലസോർ ദുരന്തത്തിന് ഒരു മാസം; ഇനിയും തിരിച്ചറിയാനാവാതെ 52 മൃതദേഹങ്ങൾ

ckmnews


ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ മാസം രണ്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. അപകടം നടന്ന് ഇത്ര നാളായിട്ടും ഇനിയും തിരിച്ചറിയാത്ത 52 മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലുള്ളത്. ആകെ ഇവിടെ സൂക്ഷിച്ചിരുന്ന 81 മൃതദേഹങ്ങളിൽ 29 എണ്ണം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 22 എണ്ണം ഞായറാഴ്ച സംസ്കരിച്ചു. വരുന്ന ദിവസങ്ങളിൽ ബാക്കിയുള്ള 52 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.ബന്ധുക്കൾ എത്തില്ലെന്നറിയിച്ചതിനെ തുടർന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ബിഹാർ സ്വദേശികളായ ഇവരെ അവിടേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ജൂൺ രണ്ടിന് നടന്ന അപകടത്തിൽ 293 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 287പേർ അപകട സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.


സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ഖരഗ്പൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂർ-പുരി പാതയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.


ഒഡിഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു .ബാലസോറിലെ സുരക്ഷ, സിഗ്നൽ എന്നിവയുടെ ചുമതല ഉലുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഷുജത് ഹാഷ്മി, സോൺ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ പിഎം സിക്ദർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ചന്ദൻ അധികാരി, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ഡി ബി കസർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ മുഹമ്മദ്‌ ഒവൈസ് എന്നിവർക്കാണ് സ്ഥലം മാറ്റം. സ്ഥലം മാറ്റം സാധാരണ നടപടി മാത്രമെന്ന് സൗത്ത് ഈസ്റ്റൺ റെയിൽവ അറിയിച്ചു.