09 May 2024 Thursday

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്‍റേടമുണ്ട് ജനം ആഗ്രഹിച്ചാൽ ഞാൻ മത്സരിക്കും:ശോഭ സുരേന്ദ്രൻ

ckmnews

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്‍റേടമുണ്ട്


ജനം ആഗ്രഹിച്ചാൽ ഞാൻ മത്സരിക്കും:ശോഭ സുരേന്ദ്രൻ 


തിരുവനന്തപുരം:ജനങ്ങൾ തീരുമാനിച്ചാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും. ബിജെപിയിൽ ഇതുവരെ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെന്നും ശോഭ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു സംസ്ഥാന അധ്യക്ഷനാണെന്നും ശോഭ പ്രതികരിച്ചു.


‘‘കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്‍റേടമുണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്കു നേതൃത്വം കൊടുക്കുന്നത് ആരാണെങ്കിലും അവരെ പുകച്ചു ജനങ്ങളുടെ മുന്നിലെത്തിക്കും. അവിശുദ്ധ രാഷ്ട്രീയസഖ്യം കേരളത്തിന്റെ മണ്ണിലുണ്ടാകാൻ പാടില്ല. അഴിമതിക്കാരെ പൂട്ടണം. വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപി. ബിജെപിയിലേക്കു ദിവസവും ആളുകൾ കടന്നുവരികയാണ്. എൻസിപി നേതാവായിരുന്ന അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ‌ മഹാരാഷ്ട്രയിലെ ബിജെപിയുമായി കൈകോർത്തു പിടിച്ചിരിക്കുകയാണ്. കേരളവും മാറണം’’– ശോഭ പറഞ്ഞു. 

സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്നായിരുന്നു കൃഷ്ണകുമാർ കുറ്റപ്പെടുത്തിയത്. പരിപാടിക്കെത്തി സദസ്സിലിരുന്ന കൃഷ്ണകുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോവുകയും ചെയ്തിരുന്നു. തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.