08 May 2024 Wednesday

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽനിന്ന് വ്യാജ ലഹരി സ്റ്റാംപ് കണ്ടെടുത്ത സംഭവം ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ഉദ്യോഗസ്ഥന്റെ മൊഴി

ckmnews

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽനിന്ന് വ്യാജ ലഹരി സ്റ്റാംപ് കണ്ടെടുത്ത സംഭവം


ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ഉദ്യോഗസ്ഥന്റെ മൊഴി


തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽനിന്ന് വ്യാജ ലഹരി സ്റ്റാംപ് കണ്ടെടുത്ത സംഭവത്തിൽ, ബാഗിൽ ലഹരിയുണ്ടെന്ന് എക്സൈസിന് സന്ദേശം വന്നത് ഇന്റർനെറ്റ് കോൾ വഴി. ഷീലയെ അറസ്റ്റ് ചെയ്ത എക്സൈസ് ഇൻസ്പെക്ടർ സതീശനാണ്, അന്വേഷണ സംഘത്തോട് ഇക്കാര്യം പറഞ്ഞത്. ഷീലയുടെ ബന്ധുവായ ബെംഗളൂരു സ്വദേശിയായ യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മുങ്ങിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


അതേസമയം, വ്യാജ ലഹരി സ്‌റ്റാംപിന്റെ ഉറവിടം കണ്ടെത്താൻ എക്സൈസ് അനേഷണം തുടരുകയാണ്. ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എല്‍എസ്ഡി ലഹരി സ്‌റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിരപരാധിയായ ഷീല 72 ദിവസമാണ് ഈ കേസിന്റെ പേരിൽ ജയിലിൽ കിടന്നത്.


പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്നു തെളിയിക്കുന്ന പരിശോധനാഫലം കാക്കനാട് റീജനൽ ലാബിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ ജ്യോതി പി.മല്യ സമർപ്പിച്ചതു മേയ് 12നാണ്. ഇല്ലാത്ത കേസാണെന്നു വ്യക്തമായിട്ടും എക്സൈസ് അധികൃതർ ഇരയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവു തിരുത്താനോ തയാറായില്ല. അറസ്റ്റ് ചെയ്ത എക്സൈസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധനാഫലം വരുന്നതിനു മുൻപു തന്നെ സ്ഥലംമാറ്റ തീരുമാനം എടുത്തിരുന്നതായാണു സൂചന.


എക്സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ നിന്നു തൃശൂർ സെഷൻസ് കോടതി വഴി രാസ പരിശോധനയ്ക്കായി സമർപ്പിച്ച എൽഎസ്‍ഡി സ്റ്റാംപുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്. ഫെബ്രുവരി 27ന് ആയിരുന്നു അറസ്റ്റ്. പതിവായി മാസങ്ങളെടുക്കാറുണ്ടെങ്കിലും ഈ കേസിൽ ഒന്നര മാസത്തിനകം പരിശോധനാഫലം തയാറായി. മേയ് 12നു ലാബിൽ നിന്നു റിപ്പോർട്ട് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫിസർക്കും സർക്കിൾ ഓഫിസർക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫിസുകളിലും ലഭിച്ചതുമാണ്. എന്നാൽ, ഈ വിവരം ഇരയെ അറിയിക്കാൻ എക്സൈസ് തയാറായില്ല. ഷീല സണ്ണി ഇതിനകം ജയിൽവാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങിയിരുന്നു.