09 May 2024 Thursday

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ അറസ്റ്റിൽ

ckmnews

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ അറസ്റ്റിൽ


തിരുവനന്തപുരം:ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ തിരുവനന്തപുരം സ്വദേശി വി.സി.ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി (24) എന്ന ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


ഇന്നലെ രാത്രി തിരുവനന്തപുരത്തു വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലെനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് ലെനിൻ. കേസിലെ ആദ്യ മൂന്നു പ്രതികൾ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടന്നത്. ബാക്കിയുള്ള പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഉച്ചയോടെ ലെനിനെ ഇടുക്കിയിലെത്തിക്കും.


2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. വനം വകുപ്പ് എടുത്ത കേസ് വ്യാജമാണെന്ന് ഉന്നതതല അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കള്ളക്കേസെടുത്ത 13 ഉദ്യോഗസ്ഥർക്കെതിരെ സരുൺ പൊലീസിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു.


ഇതോടെ, തന്നെ കള്ളക്കേസിൽ കുടുക്കിയ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഓഫിസിനു മുന്നിലെ മരത്തിൽ കയറി സരുൺ സജി ആത്മഹത്യാഭീഷണി മുഴക്കിയത് വാർത്തയായിരുന്നു. കയറും വാക്കത്തിയുമായി കിഴുകാനം ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനു മുൻപിലുള്ള പ്ലാവിൽ കയറിയാണ് സരുൺ സജി ഭീഷണി മുഴക്കിയത്. അന്ന് സരുണിനെ ആറു മണിക്കൂറിനു ശേഷമാണ് അനുനയിപ്പിച്ച് താഴെയിറക്കാനായത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്നും പീരുമേട് ഡിവൈഎസ്പി ജെ.കുര്യാക്കോസ് ഉറപ്പു നൽകിയിരുന്നു.


കള്ളക്കേസാണെന്ന് വ്യക്തമായതിനു പിന്നാലെ സരുണിന്റെ ഓട്ടോറിക്ഷ അടക്കമുള്ള വസ്തുക്കൾ തിരികെ നൽകിയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും ഗോത്രവർഗ കമ്മിഷനും റിപ്പോർട്ട് തേടിയശേഷം വനപാലകർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതുമില്ല. ഇതിനിടെ, കേസ് പിൻവലിക്കാത്തതിനാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നു വ്യക്തമാക്കി സരുണും കുടുംബവും മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ വനപാലകരായിരിക്കുമെന്നും കത്തിൽ പരാമർശമുണ്ടായിരുന്നു.