09 May 2024 Thursday

'ഗഞ്ച റാണി’ നമിതയെ ഒഡീഷയിൽ ചെന്ന് വലയിലാക്കി തൃശൂർ പൊലീസ്

ckmnews


തൃശൂർ∙ ‘ഗഞ്ച റാണി’ എന്ന പേരിൽ കുപ്രസിദ്ധയായ വനിതാ ഗ്യാങ്സ്റ്ററെ ഒഡീഷയിലെത്തി അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി പൊലീസ്. ചിയ്യാരത്തുനിന്ന് 221 കിലോ കഞ്ചാവു പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഒഡീഷയിലെ ഗജപതി അഡബ ചുഡാംഗ്പൂർ സ്വദേശിനി നമിത പരീച്ച (32) അറസ്റ്റിലായത്. ഏക്കർ കണക്കിനു കഞ്ചാവുകൃഷിയും വിൽപനയുമായി ലഹരിമാഫിയയെ നയിക്കുന്നയാളാണു നമിത. ഇവരുടെ വലംകൈ ആയ അരുൺ നായിക്കും (25) അറസ്റ്റിലായി.


നെടുപുഴ എസ്ഐ ടി.ജി. ദിലീപും സംഘവും 10 ദിവസത്തോളം വേഷം മാറി ഒഡീഷയിൽ തങ്ങി ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. വനമേഖലയാൽ ചുറ്റപ്പെട്ട അഡബ എന്ന ഗ്രാമത്തിൽ ഇവർ നടത്തുന്ന കഞ്ചാവുകൃഷി കണ്ടെത്താൻ പൊലീസിനായി. ഇവർ വഴിയാണ് കേരളത്തിലേക്ക് ഏറ്റവുമധികം കഞ്ചാവെത്തുന്നതെന്നു പൊലീസ് കണ്ടെത്തി. നമിതയുടെ ഭർത്താവും മലയാളിയുമായ സാജനെ അറസ്റ്റ് ചെയ്തതിൽനിന്നാണ് ഇവരുടെ താവളം കണ്ടെത്താനായത്.ഇവരെ മുൻപും ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സായുധരായ അനുചരസംഘം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു. ഇക്കാര്യം അറിയാവുന്നതിനാൽ ഒഡീഷ കേഡറിലെ മലയാളി ഐപിഎസ് ഓഫിസർ സ്വാതി എസ്. കുമാറിന്റെ സഹായത്തോടെ 2 പൊലീസ് സ്റ്റേഷനുകളിലെ മുഴുവൻ സേനയുടെയും കാവലിലായിരുന്നു അറസ്റ്റ്. ഇവരെ പിടികൂടിയശേഷം അതിവേഗം കേരളത്തിലേക്കു മാറ്റുകയും ചെയ്തു.