09 May 2024 Thursday

ചെയ്യാത്ത തെറ്റിന് വീട്ടമ്മ ജയിലില്‍ കിടന്നത് 72 ദിവസം; ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെന്ന കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ച

ckmnews


തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ച.ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തല്‍. പരിശോധനയുടെ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തി.കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍ ഷീല നടത്തിവന്ന ബ്യൂട്ടിപാര്‍ലറില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്‌സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് സംഘം അന്ന് പറഞ്ഞത്.


കേസിനെ കുറിച്ച് ഷീലയുടെ വാക്കുകള്‍.


കാറ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞു. ബാഗും എവിടെയും വച്ചിരുന്നില്ല. പിടിച്ചെടുത്തെന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചത്. അതെന്താണെന്ന് പോലും അറിഞ്ഞിരുന്നില്ല. എനിക്ക് മറ്റ് ശത്രുക്കളുമില്ല. ഒരു ചെറിയ പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ജയിലില്‍ കിടന്നത്. അതുവരെ മയക്കുമരുന്ന് കണ്ടിട്ടുപോലമില്ലാത്ത ആളാണ് ഞാന്‍’

ഷീലയില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപ് ഉള്‍പ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നായിരുന്നു എക്സൈസ് നല്‍കിയ വിവരം. 72 ദിവസമാണ് കേസിന്റെ ഭാഗമായി ഷീല ജയിലില്‍ കിടന്നത്.