09 May 2024 Thursday

മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ ഇനി 2000 രൂപ പിഴ; ഇനി ലഭിക്കുക മീറ്റര്‍ കണക്കിന്; നടപടിയുമായി ലീഗൽ മെട്രോളജി വിഭാഗം

ckmnews

മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ ഇനി 2000 രൂപ പിഴ. തൃശൂർ നഗരത്തിൽ മുല്ലപ്പൂ മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം. തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് നടപടി. പൂക്കടകളിൽ മുഴം കണക്കാക്കി മുല്ലപ്പൂ വിൽക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇനി മുതൽ ഒരു മുഴം പൂവെന്ന് ചോദിച്ചാൽ ലഭിക്കുക മീറ്റർ കണക്കിനാകും. തൃശൂർ നഗരത്തിലെ പൂക്കടകളിലെ മുഴം കണക്കിന് തടയിട്ടത് വെങ്കിടാചലം നൽകിയ പരാതിയാണ്.

മുഴം കണക്കിന് പൂ വിൽപ്പന നടത്തുന്നത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കിടാചലം പരാതി നല്‍കിയത്. മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വെങ്കിടാചലം പറയുന്നത്. പരാതിയിന്മേൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് തൃശൂർ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് 2000 രൂപ പിഴ ഈടാക്കിയത്.മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ വിശദീകരണം. മുല്ലപ്പൂമാല ആണെങ്കിൽ സെന്‍റീമീറ്റർ, മീറ്റർ എന്നിവയും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം. പരിശോധന കർശനമാക്കിയതോടെ വില്‍പനയ്ക്കായി സ്‌കെയിൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ് പൂക്കച്ചവടക്കാർ.