09 May 2024 Thursday

മണിപ്പൂരിൽ വൻ സംഘർഷം; വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം തെരുവില്‍

ckmnews


മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം റോഡിലിറങ്ങി. ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ രാഹുല്‍ ഗാന്ധിയെ ഹോട്ടൽ മുറിയിലേക്ക് മാറ്റി. ഇംഫാലിലെ ബി.ജെ.പിയുടെ ഓഫീസിന് സമീപം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.


രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അദ്ദേഹം ഹോട്ടലിൽ സുരക്ഷിതനാണ്. കലാപം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി.


പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരില്‍ എത്തിയത്. കലാപ ബാധിതർ കഴിയുന്ന ക്യാമ്പുകൾ രാഹുൽ സന്ദർശിച്ചു. മണിപ്പൂർ സർക്കാർ തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആദ്യ പ്രതികരണം. മണിപ്പൂരിലെ സഹോദരി സഹോദരന്മാരെ കേള്‍ക്കാനാണ് വന്നത്. എല്ലാ വിഭാഗക്കാരും സ്നേഹത്തോടെ സ്വീകരിച്ചു. മണിപ്പൂരിന് സാന്ത്വനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.