09 May 2024 Thursday

ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; നിയമപോരാട്ടം തുടരും

ckmnews


ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. എന്നാൽ, നിയമപോരാട്ടം തുടരുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാലാണ് ഈ നീക്കമെന്ന് താരങ്ങൾ അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള പരിശീലനത്തിലാണ് താരങ്ങൾ

ഇതിനിടെ, ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനും എതിരെ ആസാം ഗുസ്തി ഫെഡറേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.


ഫെഡറേഷന്റെ അഫിലിയേറ്റഡ് അംഗമാകാൻ ആസാം ഗുസ്തി ഫെഡറേഷൻ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാത്തതിലാണ് ഹർജി. അംഗത്വം ലഭിച്ച് തങ്ങളുടെ പ്രതിനിധിയെ ഇലക്ടോറൽ കോളേജിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്നായിരുന്നു ആസാം ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടത്.

2014ലെ ദേശീയ റസലിംഗ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആസാം ഗുസ്തി ഫെഡറേഷന് അംഗത്വം നൽകാൻ ശുപാർശ ചെയ്തിരുന്നു. വാദം കേൾക്കുന്നതിനായി അടുത്ത തീയതി തീരുമാനിക്കുന്നത് വരെ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുത് എന്ന് കായിക മന്ത്രാലയത്തിനോടും ഗുസ്തി ഫെഡറേഷനോടും കോടതി ആവശ്യപ്പെട്ടു.