09 May 2024 Thursday

വ്യാജരേഖാ കേസിൽ കെ.വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം

ckmnews


അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾ വച്ചാണ് 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്.

വ്യാജ രേഖാ കേസില്‍ കെ വിദ്യയെ മേപ്പയൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയായിരുന്നു.

അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നായിരുന്നു ആരോപണം.


വിദ്യയുടെ ഫോണില്‍ നിര്‍ണ്ണായക രേഖകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സൈബര്‍സെല്‍ വിദഗ്ധര്‍ വിദ്യയുടെ ഫോണ്‍ പരിശോധിച്ചു.വ്യാജമായി നിര്‍മ്മിച്ച രേഖയുടെ പകര്‍പ്പ് ഫോണില്‍ ഉളളതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.അട്ടപ്പടിയിലും കരിന്തലത്തും സമർപ്പിച്ച വ്യാജ രേഖയുടെ പകർപ്പ് വിദ്യയുടെ ഫോണിൽ നിന്ന് ലഭിച്ചതായാണ് സൂചന.