09 May 2024 Thursday

മൂന്നു മാസത്തോളമായി കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാതെ വീട്ടില്‍ സൂക്ഷിച്ച പോസ്റ്റുമാന് ജോലി നഷ്ടമായി

ckmnews


പാലക്കാട്: കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാതെ വീട്ടില്‍ സൂക്ഷിച്ച പോസ്റ്റ്മാനെ ജോലിയിൽ നിന്ന് മാറ്റി. കഴിഞ്ഞ മൂന്ന് മാസത്തോളമായി തപാല്‍ ഓഫീസിലേയ്‌ക്ക് വന്ന കത്തുകളാണ് ഇയാൾ കൈമാറാതെ വീട്ടിൽ സൂക്ഷിച്ചുവെച്ചത്. പാലക്കാട്‌ ആയിലൂര്‍ പയ്യാങ്കോടാണ് സംഭവം. പി.എസ്.സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് പറയംപള്ളി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പോസ്റ്റുമാന്റെ ക്രൂരത പുറത്തു വന്നത്. സംഭവത്തെ തുടർന്ന് പോസ്റ്റ്മാൻ കണ്ടമുത്തനെ ജോലിയിൽ നിന്ന് മാറ്റി.


മൂന്ന് മാസത്തോളമായി വരുന്ന കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് ഇയാള്‍ നൽകിയിട്ടില്ല. വായ്പ്പാകുടിശിക കത്തുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് ചെക്ക് പോസ്റ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, ആനുകാലികങ്ങള്‍, നിയമന കത്തുകള്‍ എന്നിവയെല്ലാം സബ് ഓഫീസില്‍ ചാക്കിലാക്കിയും വീട്ടില്‍ സഞ്ചികളിലാക്കിയും കൂട്ടിയിട്ടിരിക്കുകയായിരുന്നു.

കൃത്യ സമയത്ത് നിയമന കത്തുകള്‍ എത്തിക്കാത്തതിനാല്‍ പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. നെന്മാറ കയറാടി പോസ്റ്റ് ഓഫീസിനെതിരെ ഇതിന് മുൻപും പരാതികള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം കൃത്യമായി അല്ല നടക്കുന്നതെന്നും ഓഫീസില്‍ എത്തുന്നവരോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.