08 May 2024 Wednesday

രണ്ട് മാൻ കൊമ്പുകൾക്ക് 20 ലക്ഷം രൂപ; വില പറഞ്ഞുറപ്പിച്ച് വരുന്നതിനിടെ നിലമ്പൂർ സ്വദേശി പൊലീസ് പിടിയിൽ

ckmnews


മലപ്പുറം: കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന മാൻ കൊമ്പുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്ബൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി(34), മലയില്‍ ഉമ്മര്‍ (44) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മാൻകൊമ്പുകൾക്ക് 20 ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച് വരുന്നതിനിടെയാണ് അറസ്റ്റ്,


മലപ്പുറം ജില്ലയിലെ മലയോരമേഖലകൾ കേന്ദ്രീകരിച്ച്‌ ആനക്കൊമ്പ്, മാൻകൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച്‌ കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഡിവൈ.എസ്‌.പി സാജു. കെ. എബ്രഹാം, വണ്ടൂര്‍ എസ്.ഐ പി. ശൈലേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വണ്ടൂര്‍-മഞ്ചേരി റോഡിന് സമീപമാണ് കാറിനുള്ളില്‍ ഒളിപ്പിച്ച മാൻ കൊമ്പുകളുമായി മുഹമ്മദാലിയും ഉമ്മറും പിടിയിലായത്. ഇവർ ഏറെക്കാലമായി മാൻകൊമ്പും ആനക്കൊമ്പും കച്ചവടം നടത്തുന്നതായാണ് വിവരം. ഇവരുമായി ബന്ധമുള്ള ഏജന്റുമാര്‍, ഇടപാടുകാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം വിപുലീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് 20 ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച മാൻകൊമ്പുമായാണ് തങ്ങൾ എത്തിയതെന്ന് ഇവർ സമ്മതിച്ചത്. അതേസമയം ഇടപാടുകാരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പരസ്പരവിരുദ്ധമായ മൊഴി ഇരുവരും നൽകുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.


വണ്ടൂര്‍ പൊലീസും പെരിന്തല്‍മണ്ണ, നിലമ്ബൂര്‍ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് മുഹമ്മദാലിയും ഉമ്മറും പിടിയിലായത്. വണ്ടൂര്‍ എസ്.ഐ. ശൈലേഷ്‌കുമാര്‍, സി.പി.ഒമാരായ ജയേഷ്, അജേഷ് എന്നിവരും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും പൊലീസ് സംഘത്തിലുണ്ടായിരുന്നു.