08 May 2024 Wednesday

ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയില്ല; വേറെ വഴിയില്ല’ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസിനു തീയിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ സന്ദേശം

ckmnews

ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയില്ല; വേറെ വഴിയില്ല’ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.


പഞ്ചായത്ത് ഓഫിസിനു തീയിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ സന്ദേശം


പെരിന്തൽമണ്ണ:കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിനു തീയിട്ട ശേഷം ശുചിമുറിയിൽ കയറി കൈഞരമ്പു മുറിച്ച യുവാവ് ചില നാട്ടുകാർക്കും സിപിഎം പ്രവർത്തകർക്കും വാട്‌സാപ് സന്ദേശം അയച്ചു– ഞാൻ ചെയ്യുന്നതു തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഇതല്ലാതെ വേറൊരു വഴിയും ഞാൻ തിരഞ്ഞിട്ടു കണ്ടതുമില്ല എന്നായിരുന്നു തുടക്കം. സന്ദേശത്തിലെ മറ്റു ഭാഗങ്ങൾ: നല്ലവരായ ഈ കേരള സമൂഹത്തിനു തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ  എന്നോട് മാപ്പാക്കണം. ഈ കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.


ഇനി കേരളത്തിലെ ഒരു കുടുംബത്തിനും ഇതുപോലെ ഒരവസ്ഥ ഉണ്ടാകരുത്. ഇനിയെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥർ രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടി ജോലി ചെയ്യാതെ കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യാൻ ശ്രമിക്കുക. ഇപ്പോൾ ഞാൻ ചെയ്യുന്ന തെറ്റ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എനിക്കു ചെയ്യേണ്ടിവന്ന ഒരു തെറ്റാണ്. ഞാനീ പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്ന് അന്വേഷിച്ച് ഒരു വ്യക്തമായ മറുപടി കേരള സമൂഹത്തിന് ഉദ്യോഗസ്ഥർ നൽകേണ്ടതാണ്. എന്ന് സ്‌നേഹത്തോടെ, നിങ്ങളുടെ സ്വന്തം മുജീബ് –ഇങ്ങനെയാണു കത്ത് അവസാനിപ്പിക്കുന്നത്. തന്നെ ലൈഫ് ഭവനപദ്ധതി ലിസ്‌റ്റിൽ ഉൾപ്പെടുത്താനാവുമോ എന്നന്വേഷിച്ചു മുജീബ് പല തവണ ഓഫിസിലെത്തിയിരുന്നതായാണു വിവരം. എന്നാൽ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ബോധ്യപ്പെടുത്തി അധികൃതർ മടക്കി അയയ്‌ക്കുകയായിരുന്നു. 



ലൈഫ് ഭവന പദ്ധതി ലിസ്‌റ്റിൽ ഉൾപ്പെടാത്തതു സംബന്ധിച്ച് ഓഫിസിൽ അന്വേഷിച്ചെത്തിയ മുജീബിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നു പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ പറഞ്ഞു. 50 പേർക്കാണു നിലവിൽ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുള്ളത്. മുജീബ് ഓഫിസിലെത്തി പരാതി ഉന്നയിച്ചിരുന്നു. ഗുണഭോക്തൃ ലിസ്‌റ്റ് തയാറാക്കുന്ന  മാനദണ്ഡങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതാണ്.  തനിക്കു മുൻഗണന നൽകാനാവുമോയെന്ന് അന്വേഷിച്ച് വീണ്ടും എത്തിയിരുന്നു. അപ്പീൽ ഹർജിയായി കത്തും നൽകിയിരുന്നു. ഇതിനു കൃത്യമായ മറുപടിയും നൽകി. ഈ ലിസ്‌റ്റിൽ ഉൾപ്പെടുത്താനാവില്ലെന്നും അടുത്ത ലിസ്‌റ്റിൽ ഉൾപ്പെടുമെന്നും കാണിച്ചാണു മറുപടി നൽകിയതെന്നും സെക്രട്ടറി പറഞ്ഞു.