09 May 2024 Thursday

എഐ ക്യാമറ: സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; കരാർ കമ്പനികൾക്ക് പണം നൽകുന്നത് താൽക്കാലികമായി തടഞ്ഞു

ckmnews


കൊച്ചി: സംസ്ഥാനത്ത് ഗതാഗതനിയമലംഘനം തടയാനായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. കരാർ കമ്പനികൾക്ക് പണം നൽകുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.


ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ കരാർ കമ്പനികൾക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.


എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു.