08 May 2024 Wednesday

കുറ്റിപ്പുറത്തു പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ckmnews


മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് മരിച്ചത്. പതിമൂന്നു വയസ്സായിരുന്നു. പനി ബാധിച്ച ഗോകുലിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എന്ത് പനിയാണ് കുട്ടിക്കെന്നതിൽ സ്ഥിരീകരണമായിട്ടില്ല. 


സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുകയാണ്. കേരളത്തിൽ ഒരാഴ്ച്ചയ്ക്കിടെ 69,222 പേർക്ക് പനി ബാധിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും 9 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ മാത്രം ഈ മാസം 14 ഡെങ്കിപ്പനി കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊടുപുഴ അടക്കമുള്ള ലോ റേഞ്ച് മേഖലകളിലാണ് എറ്റവുമധികം ഡെങ്കിപനി കേസുകളുള്ളത്. എലിപ്പനിയെന്ന് സംശയിക്കുന്ന 7 പേര്‍ ചികില്‍സയിലുണ്ട്.

4300 പേരാണ് പനിയെ തുടര്‍ന്ന ജില്ലയിലെ സര്‍ക്കാർ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളിലെത്തിയവരുടെ കണക്ക് ഇതിൽ ഇരട്ടി വരും. വയറിളക്കം ശര്‍ദ്ധി തുടങ്ങിയ രോഗങ്ങളെ തുടർന്ന് 34 പേരാണ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.