09 May 2024 Thursday

‘സുധാകരനെതിരായ പരാമർശം കലാപാഹ്വാനം’: എം.വി.ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

ckmnews

‘സുധാകരനെതിരായ പരാമർശം കലാപാഹ്വാനം’: എം.വി.ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി


തിരുവനന്തപുരം:പോക്സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണ് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്.


സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവാണ് ഇത്തരം പരാമർശം നടത്തിയതെന്നു പരാതിയിൽ പറയുന്നു. എം.വി.ഗോവിന്ദന്‍ പറഞ്ഞത് പൊലീസ് എഫ്ഐആറില്‍ ഇല്ലെന്നു കേസിലെ പ്രതി മോന്‍സൻ മാവുങ്കലിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതിജീവിത നല്‍കിയ രഹസ്യമൊഴിയിലും ഇക്കാര്യമില്ല. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരും സുധാകരന്റെ പേര് പറഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.


സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് പോക്സോ കേസിലെന്ന ഗോവിന്ദന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അഭിഭാഷകന്‍. മോന്‍സൻ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത ഉദ്ധരിച്ചാണ് ഗോവിന്ദന്‍ ആരോപിച്ചത്. സുധാകരനെ ചോദ്യം ചെയ്യുന്നത് പുരാവസ്തു തട്ടിപ്പു കേസിലാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.


ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി സുധാകരന്‍ രംഗത്തെത്തി. പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞുവെന്ന് സുധാകരന്‍ ചോദിച്ചു. തന്നെ കേസില്‍ പ്രതിയാക്കുന്നതിന് പിന്നിൽ സിപിഎമ്മാണെന്ന് തെളിഞ്ഞു. ഏതു നെറികെട്ട കാര്യത്തിനും സിപിഎം തയാറാകുമെന്ന് ഗോവിന്ദന്‍ തെളിയിച്ചു. ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.