08 May 2024 Wednesday

എട്ടു പൊലീസ് സ്റ്റേഷനുകളിലായി 32ഓളം കേസുകൾ; തട്ടിപ്പുകാരി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ckmnews


തൃശൂർ: കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വർണം പണയംവെച്ച് ഗൂഢാലോചന, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. 32ഓളം കേസുകളില്‍ പ്രതിയാണ് സിനി ​ഗോപകുമാർ എന്ന പൂമ്പാറ്റ സിനി.


തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ് പൂമ്പാറ്റ സിനിക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്. ഒല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൈക്കാട്ടുശേരിയിലെ വാടക വീട്ടില്‍ നിന്ന് സിനിയെ അറസ്റ്റ് ചെയ്തു.

കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂർ പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. തൃശ്ശൂർ ജില്ലയിൽമാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.