08 May 2024 Wednesday

നൂറിലേറെ കേസുകള്‍; കോടികളുടെ തട്ടിപ്പ്;പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ

ckmnews

നൂറിലേറെ കേസുകള്‍; കോടികളുടെ തട്ടിപ്പ്;പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ


കാപ്പ നിയമം ചുമത്തി വനിതയെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. നൂറിലേറെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ പിടിക്കപ്പെട്ട സിനി ഗോപകുമാറിനെയാണ് ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്തത്. പൂമ്പാറ്റ സിനിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആളുകളോട് സംസാരിച്ച് വിശ്വാസം ആര്‍ജിക്കാനുള്ള പ്രത്യേക കഴിവുണ്ട് പൂമ്പാറ്റ സിനിയ്ക്ക്. എറണാകുളം പള്ളുരുത്തി സ്വദേശിനി. ഇപ്പോള്‍ നാല്‍പത്തിയെട്ടു വയസ്. തൃശൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി വാടകവീടെടുത്ത് കഴിയുന്നു. റിസോര്‍ട്ട് ഉടമയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് മിക്കപ്പോഴും സംസാരം തുടങ്ങുക. ബിസിനസ് പങ്കാളിയാകാമെന്ന് പറഞ്ഞ് പണം തട്ടും. പരാതിപറഞ്ഞാല്‍ ആക്രമിക്കും. ബലത്തിന് ഗുണ്ടകളുടെ വലിയൊരു സംഘത്തെ വളര്‍ത്തും. ഒല്ലൂര്‍ തൈക്കാട്ടുശേരിയിലായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. ഒല്ലൂര്‍ എ.സി.പി.: പി.കെ.സുരേഷും സംഘവുമാണ് സിനിയെ അറസ്റ്റ് ചെയ്തത്. 


മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനു കേസുണ്ട്. ഇതിനു ലഹരിവില്‍പനയും. നുണയേ പറയൂവെന്നതാണ് പൊലീസിന്റെ കണ്ണില്‍ സിനിയുടെ പ്രത്യേകത. പണം ഇ.ഡിക്കാര്‍ പിടിച്ചെടുത്തെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരെ കബളിപ്പിക്കുക. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 


തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കുകയാണ് പതിവ്. മകളുടേത് ആര്‍ഭാട വിവാഹമായിരുന്നു. 2017ൽ വൻ ആർഭാടത്തോടെ നിരവധി പേരെ ക്ഷണിച്ചാണ് ഇവരുടെ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഫ്രിജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കി. ആലപ്പുഴ അരൂരിലെ വ്യാപാരിയുടെ മരണത്തിനുത്തരവാദി സിനിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഹണിട്രാപ്പ് നടത്തി പതിനെട്ടുലക്ഷം രൂപയാണ് വ്യാപാരിയുടെ പക്കല്‍ നിന്ന് തട്ടിെയടുത്തത്. തട്ടിച്ച പണത്തിന്റെ കണക്ക് നോക്കുമ്പോള്‍ കോടികള്‍ വരും. ഇനി ആറു മാസം കാപ്പനിയമപ്രകാരം കരുതല്‍ തടങ്കലില്‍ സിനിയെ പാര്‍പ്പിക്കും.