09 May 2024 Thursday

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം

ckmnews

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം


ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങൾ പൂർണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.

ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത്‌ ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ഭുജിലും ശക്തമായ മഴ തുടരുന്നു.

മോർബിയിൽ വൈദ്യുത പോസ്റ്റുകളും കമ്പികളും തകർന്നു. പോർബന്തറിൽ വ്യാപക നാശനഷ്ടം. ദ്വാരകയിൽ മരം വീണു മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണിട്ടുണ്ട്. അഹമ്മദാബാദിൽ ഒമ്പത് സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളിൽ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കൻ പാകിസ്ഥാൻ വഴി രാജസ്ഥാനിലെ ബാർമറിലേക്ക് എത്തും.