09 May 2024 Thursday

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങൾ നല്‍കിയ സമയം ഇന്ന് അവസാനിക്കും

ckmnews


ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. കേസിൽ ഇന്ന് തന്നെ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ജൂൺ ഏഴിന് മന്ത്രി അനുരാഗ് താക്കൂർ കായിക താരങ്ങൾക്ക് നൽകിയ ഉറപ്പ് കൂടി കണക്കിലെടുത്താണ് ഇന്ന് തന്നെ കോടതിയിൽ തൽസ്ഥിതി റിപ്പോർട്ടോ കുറ്റപത്രമോ സമർപ്പിക്കുമെന്ന് നേരത്തെ ഡൽഹി പൊലീസ് വ്യക്തമാക്കിയത്.


കുറ്റപത്രം സമർപ്പിക്കാനുള്ള ഡൽഹി പൊലീസിൻ്റെ നീക്കം ഇന്ന് പരാജയപ്പെട്ടാൽ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കായിക താരങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിൻ്റെ സൂചനയാണ് ഹരിയാനയിൽ ഇന്നലെ ഖാപ് പഞ്ചായത്തുകൾ ആഹ്വാനം ചെയ്ത ബന്ദ്.

വിവിധ ഖാപ് മഹാപഞ്ചായത്തുകളിൽ പങ്കെടുത്ത് ഭാവി സമര പരിപാടികൾ സംബന്ധിച്ച് കർഷക – ഖാപ് നേതാക്കളുമായി ഗുസ്തി താരങ്ങൾ ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ട്.


താരങ്ങളുടെ പരാതിയിൽ വിശദാംശങ്ങൾ തേടി അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകളുമായും അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള മറുപടി ലഭിച്ചാൽ അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.