09 May 2024 Thursday

ഇല്യാസ് പെരിമ്പലത്തിന് സംസ്ഥാന അധ്യാപക അവാർഡ്

ckmnews

ഇല്യാസ് പെരിമ്പലത്തിന് സംസ്ഥാന അധ്യാപക അവാർഡ്


മഞ്ചേരി : ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. വിഭാഗം അധ്യാപകനായ കെ. മുഹമ്മദ് ഇല്യാസ് എന്ന ഇല്യാസ് പെരിമ്പലം, 2022 - 23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി.വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റു വാങ്ങും. യു.പി. വിഭാഗത്തിൽ ഇല്യാസ് അടക്കം ഇത്തവണ സംസ്ഥാനത്തെ അഞ്ചു പേർക്കാണ് അവാർഡ്.


വിദ്യാലയത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്ര രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. ശാസ്ത്രമേളകളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം നേടിക്കൊടുക്കാൻ ഇല്യാസിന് സാധിച്ചിട്ടുണ്ട്. അധ്യാപകർക്കുള്ള ശാസ്ത്ര പഠനോപകരണ മത്സരത്തിൽ മൂന്നു തവണ അദ്ദേഹവും സമ്മാനിതനായിട്ടുണ്ട്. അഞ്ഞൂറിലധികം പരീക്ഷണങ്ങൾ ചെയ്യാവുന്ന ഒരു ഹോം ലാബ് സ്വന്തമായുണ്ട്. ഇതിലെ സ്വയം നിർമിച്ച ഉപകരണങ്ങളാണ് സ്വന്തം ക്ലാസുകളിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 'സയൻസ് മലയാളം' എന്ന യൂട്യൂബ് ചാനലിലൂടെയും  വിക്ടേഴ്സ് - ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെയും കേരളത്തിലെ പ്രൈമറി ശാസ്ത്രാധ്യാപകർക്ക് സുപരിചിതനാണ് ഇല്യാസ്.


ടെക്ക് (TECH) മലപ്പുറം എന്ന ശാസ്ത്രാധ്യാപക കൂട്ടായ്മയുടെ ചെയർമാൻ, മാർസ് (MAARS) എന്ന ജ്യോതിശാസ്ത്ര സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം, ശാസ്ത്രരംഗം മഞ്ചേരി സബ്ജില്ലാ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. അദ്ദേഹത്തിൻ്റെ സ്വന്തം ടെലിസ്കോപ്പിലൂടെ ആയിരത്തിലധികം വാനനിരീക്ഷണ ക്യാമ്പുകളിലൂടെ വിവിധ വിദ്യാലയങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ആകാശഗോളങ്ങളെ അടുത്തു കണ്ടത്. അഞ്ഞൂറോളം പഠനോപകരണ - പരീക്ഷണ ശില്പശാലകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നൂറോളം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ തയ്യാറാക്കാനും സാധിച്ചിട്ടുണ്ട്. 'ശാസ്ത്രച്ചെപ്പ്' എന്ന സ്വയം തയ്യാറാക്കിയ സൗജന്യ മൊബൈൽ ആപ്പിലൂടെ ശാസ്ത്രാധ്യാപകർക്കും വിദ്യാർഥികൾക്കുമായി നിരവധി വിഭവങ്ങൾ പങ്കു വെച്ചു വരുന്നു.


കഥ പറയും നക്ഷത്രങ്ങൾ, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം, മാനത്തേക്കൊരു കിളിവാതിൽ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. പത്രങ്ങളിൽ ധാരാളം ശാസ്ത്ര - ജ്യോതിശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. എസ്.സി.ആർ.ടി.ഇ. ക്ക് കീഴിൽ ശാസ്ത്രപാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ രചനയിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഒട്ടേറെ ശാസ്ത്രാധ്യാപക പരിശീലനങ്ങളിൽ സംസ്ഥാന തല റിസോഴ്സ് പെഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. 


2009 ൽ സംസ്ഥാന SSA യുടെ ഗലീലിയോ അവാർഡ്, 2015 ൽ ആൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ ഗുരുശ്രേഷ്ഠ അവാർഡ്, 2015 ൽ സംസ്ഥാന പി.ടി.എ. യുടെ മികച്ച അധ്യാപകനുള്ള അവാർഡ് എന്നിവയും ലഭിച്ചു.


പെരിമ്പലം സ്വദേശി പരേതനായ കാവുങ്ങൽ മുഹമ്മദ് മാസ്റ്ററുടെയും ചെറുകപ്പള്ളി സൈനബയുടെയും മകനാണ് ഇല്യാസ്. ഭാര്യ:ഹബീബ തണ്ടായത്ത്, മക്കൾ : ബാസിത് (സോഫ്റ്റ് വെയർ എഞ്ചിനിയർ), വാരിസ് (അധ്യാപകൻ), ഇഖ്ബാൽ, ഹസീബ് (ഇരുവരും വിദ്യാർഥികൾ). മരുമകൾ : നാജിയ (BDS ഹൗസ് സർജൻ)