08 May 2024 Wednesday

ചോളത്തണ്ടും പുല്ലും ഇഷ്ടം, മനുഷ്യഗന്ധം പിന്തുടര്‍ന്ന് ആക്രമണം; ഭീതിനിറച്ച് പി.ടി.14

ckmnews

ചോളത്തണ്ടും പുല്ലും ഇഷ്ടം, മനുഷ്യഗന്ധം പിന്തുടര്‍ന്ന് ആക്രമണം; ഭീതിനിറച്ച് പി.ടി.14


പാലക്കാട് :പി.ടി.സെവന്‍ (പാലക്കാട് ടസ്കർ –7) എന്ന ‘ധോണി’ കൂട്ടിലായതിന് ശേഷം ജനങ്ങളില്‍ ഭീതിനിറച്ച് പി.ടി.പതിനാലാമന്‍ (പാലക്കാട് ടസ്കർ –14). മൂന്നുപേരെ കൊലപ്പെടുത്തിയ കൊമ്പന്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പി.ടി.പതിനാലാമനു പുറമേ, കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലധികം കാട്ടാനക്കൂട്ടമാണ് പാലക്കാട് കഞ്ചിക്കോട് ഭാഗത്ത് പതിവായി ഇറങ്ങുന്നത്.


ഏറ്റവും അപകടകാരിയായ ആനകളിലൊന്നായ പി.ടി.പതിനാലാമൻ, സാധാരണ കാണുന്ന ഒറ്റയാനല്ല. മദപ്പാട് സമയത്ത് മനുഷ്യന്റെ ഗന്ധം പിന്തുടര്‍ന്ന് ആക്രമിക്കുന്നതാണ് രീതി. കാടിറങ്ങി നാട്ടിലേക്കുള്ള വരവ് തീര്‍ക്കുന്ന ആശങ്ക ചെറുതല്ല. കൂട്ടത്തില്‍ കൂടാന്‍ മടിയുള്ള ഈ കൊമ്പനെ വനപാലകര്‍ക്കും പേടിയാണ്. ചോളത്തണ്ട് തേടി വര്‍ഷത്തില്‍ ആറു മാസം തമിഴ്നാട്ടിലാകും.



വേനല്‍ കഴിഞ്ഞ് പുല്ല് നാമ്പിടുന്ന സമയം കേരളത്തിലെത്തും. വൈദ്യുതി വേലിയും പടക്കവും പി.ടി.പതിനാലിനെ ഒട്ടും അലോസരപ്പെടുത്താറില്ല. കൃഷിനാശത്തിലല്ല, മറിച്ച് ആള്‍നാശത്തിലാണ് കൊമ്പന്റെ കാര്യത്തില്‍ ജാഗ്രത വേണ്ടതെന്നാണ് വിലയിരുത്തൽ.



കഞ്ചിക്കോട് വല്ലടി മേഖലയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലധികം കാട്ടാനക്കൂട്ടം കുടിവെള്ള ഉറവിടം തേടിയാണ് ജനവാസ മേഖലയില്‍ ദിവസേനയിറങ്ങുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം വനത്തിലേക്ക് മടങ്ങും. പി.ടി പതിനാലാമൻ വനാതിര്‍ത്തിയിലെ മരങ്ങള്‍ പിഴുത് ചില്ലകള്‍ ഒടിച്ച് വമ്പനായി ആരെയും കൂസാതെ നിലയുറപ്പിക്കും. പി.ടി. പതിനാലാമനൊപ്പമുണ്ടായിരുന്നതാണ് പി.ടി.സെവന്‍.