09 May 2024 Thursday

അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം; ഫ്‌ളക്‌സിനും ഫാന്‍സ് അസോസിയേഷനും പിന്നാലെ അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പൂജയും

ckmnews


ചിന്നക്കനാലില്‍ നിന്ന് മാറ്റിയ ശേഷം അരിക്കൊമ്പന്‍ കാട്ടാന തമിഴ്‌നാട്ടിലെത്തിയെങ്കിലും അരിക്കൊമ്പനെ മറക്കാതെ ‘ഫാന്‍സ്’. അരിക്കൊമ്പനുവേണ്ടി ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിന്നക്കനാലിലേക്കുള്ള അരിക്കൊമ്പന്റെ മടങ്ങിവരവ് വിദൂര സാധ്യതയായി അവശേഷിക്കുന്ന നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പനുവേണ്ടി ഒരു ആരാധിക ഒരു പടികൂടി കടന്ന് ദൈവത്തെയും കൂട്ടുപിടിക്കുകയാണ്. അരിക്കൊമ്പനുവേണ്ടി ഒരു ഭക്ത നടത്തിയ ശത്രുസംഹാര പൂജ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.


പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലാണ് ഒരു ഭക്ത അരിക്കൊമ്പനുവേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത്. നക്ഷത്രത്തിന്റെ സ്ഥാനത്ത് അരിക്കൊമ്പന്റെ നക്ഷത്രമായി ഉത്രം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് വൈറലാകുന്നത്


അരിക്കൊമ്പന് വേണ്ടി മുന്‍പ് അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നുകയറി അന്യായമായി ആനയെ പിടികൂടിയെന്നായിരുന്നു ആനപ്രേമികളുടെ ആരോപണം. നിലവില്‍ തമിഴ്‌നാട്ടിലെ അപ്പര്‍ കോതിയാര്‍ പരിസരത്താണ് അരിക്കൊമ്പനുള്ളത്.