26 April 2024 Friday

കാമുകിക്കൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊന്നു പിന്നീട് കാമുകിയെയും കൊന്നു രണ്ട് കൊലക്കേസിലെ പ്രതി ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു

ckmnews


കാമുകിക്കൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും അതേ കാമുകിയെയും പിന്നീട് കൊല ചെയ്യുകയും ചെയ്ത കേസിലെ പ്രതി മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മേയ് 31ന് മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭർത്താവുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018ലാണ്  ബഷീർ കൊലപ്പെടുത്തിയത്. കുട്ടിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ പിടിച്ചുനിൽക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. സൗജത്തും  കേസിൽ പ്രതിയായിരുന്നു.

റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരവേ കഴിഞ്ഞ നവംബർ 30നാണ് സൗജത്തിനെ മരിച്ച നിലയിൽ ഇവിടെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാൽ ഇതിനിടെ കോട്ടയ്ക്കലിൽ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചികിത്സയ്ക്കു ശേഷമാണ് സബ് ജയിലിലേക്ക് മാറ്റിയത്.